‘മലയാളം’ സംഘടിപ്പിക്കുന്ന വിദ്യാരംഭവും, മെറിറ്റ് ഈവനിംഗും ഒക്ടോബര് 19 ന് ; പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കും

അയര്‍ലണ്ടിലെ പ്രമുഖ കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വര്‍ഷം വിജയദശമി ദിനമായ ഒക്ടോബര് 19 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് ഫിര്‍ഹൌസിലുള്ള സൈന്റോളോജി ഹാളില്‍ വച്ച് പരമ്പരാഗത രീതിയില്‍ നടത്തപ്പെടും. പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് ഈ വര്ഷം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്. മഹാരാജാസ് കോളേജില്‍ നിന്ന് എം എ മലയാളത്തില്‍ ഒന്നാം റാങ്ക് നേടിയ സുഭാഷ് ചന്ദ്രന്‍ , വിദ്യാര്‍ത്ഥി ആയിരിക്കെ എഴുതിയ ‘ഘടികാരങ്ങള്‍ നിലയ്കുന്ന സമയം’ എന്ന കഥയ്ക്ക് 1994 ല്‍ മാതൃഭൂമി വിഷു പതിപ്പ് നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യകഥാ സമാഹാരവും (ഘടികാരങ്ങള്‍ നിലയ്കുന്ന സമയം), ആദ്യ നോവലും ( മനുഷ്യന് ഒരു ആമുഖം ) യഥാക്രമം 2001 ലും ,2011 ലുംകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി .ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ,ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ കൂടി ലഭിച്ചിട്ടുണ്ട് .

മെറിറ്റ് ഈവെനിംഗ്

വിദ്യാരംഭത്തിന് ശേഷമുള്ള മെറിറ്റ് ഇവനിംഗില്‍ ഈ വര്ഷം ജൂനിയര്‍ സെര്‍ട്ട് ,ലിവിങ് സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മലയാളിവിദ്യാര്‍ത്ഥികളെ ആദരിക്കും. ഓരോ വിഭാഗത്തിലും ഏറ്റവുംകൂടുതല്‍ മാര്‍ക്ക് വാങ്ങിയ 3 പേര്‍ക്ക് വീതം മലയാളം പ്രത്യേകം രൂപകല്‍പന ചെയ്ത മെമെന്റോ സമ്മാനിക്കും. ജൂനിയര്‍ സെര്‍ട്ടിനു കുറഞ്ഞത് 7 A യും, ലിവിങ് സെര്‍ട്ടിന് കുറഞ്ഞത് 500 പോയിന്റും നേടിയ വിദ്യര്‍ത്ഥികളെ മാത്രമേ അവാര്‍ഡിനായി പരിഗണിക്കുകയുള്ളൂ .വിദ്യര്‍ത്ഥികള്‍ സെപ്തംബര് 30 നു മുന്‍പായി മാര്‍ക് ലിസ്റ്റിന്റെ കോപ്പി [email protected] എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ്.

ചെറുകഥാ മത്സരം

പ്രവാസികളുടെ സര്‍ഗ്ഗവാസനകളെ പ്രത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂനിയര്‍ ( 18 വയസ്സുവരെ), സീനിയര്‍ ( 18 വയസ്സിനു മുകളില്‍ ) വിഭാഗങ്ങളിലായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു . രചനകള്‍ ഇംഗ്‌ളീഷിലോ മലയാളത്തിലോ അയക്കാം .ഇവ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ളതാകരുത് . രചനകള്‍ സെപ്തംബര് 30 നു മുന്‍പായി [email protected] എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ്.  ലഭിക്കുന്ന ചെറുകഥകള്‍ ശ്രീ സുഭാഷ് ചന്ദ്രന്‍ വിലയിരുത്തി, വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നല്‍കുകയും ചെയ്യും .

കൂടുതല്‍ വിവരങ്ങള്‍ക്കും ,വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളില്‍ ബന്ധപ്പെടണമെന്നു
‘മലയാളം’ ഭാരവാഹികള്‍ അറിയിച്ചു .

രാജന്‍ ദേവസ്യ -087 0573885
വിജയാനന്ദ് – 087 7211654
എല്‍ദോ ജോണ്‍ -089 4126421
സെബി സെബാസ്റ്റ്യന്‍ – 087 2263917

 

Related posts