പരമ്പരാഗത നാടക സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞു കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും പുതമ നിറച്ചു ഡോക്റ്റർ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കിയ “പ്രേമബുസ്സാട്ടോ” മലയാളി മനസ്സുകളിലെ കുളിരോർമയായി..!!
കലാ – സാംസ്കാരിക സംഘടനയായ “മലയാളം” നിർമിച്ച “പ്രേമബുസാട്ടോ “എന്ന നാടകം ശനിയാഴ്ച യാണ് താലയിലെ സയന്റോളോജി ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്. ഇടവേളയില്ലാത്ത രണ്ടു മണിക്കൂറിൽ അധികം സമയം വൈക്കം മുഹമ്മദ് ബഷീർ എന്ന സുൽത്താനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും അരങ്ങിൽ ജീവിക്കുകയായിരുന്നു..വളരെ സാധാരണമായ ഒരു നാടകം കാണാനായി വന്നവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളയുന്ന പ്രകടനമാണ് പിന്നിട് കണ്ടത്. സാംകുട്ടി എന്ന പ്രതിഭയും അയർലണ്ടിലെ കലാകാരന്മാരും മലയാളികൾക്ക് സമ്മാനിച്ചത് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു സുന്ദരസ്വപ്നമായിരുന്നു. കാണികളുടെ മനസ്സിനെ പഴയ കാലങ്ങളിലേക്കു വളരെ തന്മയത്വത്തോടെ കൊണ്ടുപോകാൻ സംവിധായകന് നിഷ്പ്രയാസം കഴിഞ്ഞു. തീവണ്ടിയും, വീടും, ചായക്കടയും, കുളവും എല്ലാം കാണികൾക്കു കൗതുകമുണർത്തുന്ന കാഴ്ചകളായിരുന്നു.
വെളിച്ചത്തിന്റെ കൃത്യമായ ക്രമീകരണങ്ങളും നാടകത്തെ കുറ്റമറ്റതാക്കിത്തീർത്തു. ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞു, മണ്ടൻ മുത്തപ്പാ, ആനവാരി രാമൻനായർ, പൊന്കുരിശ് തോമ തുടങ്ങി പ്രസിദ്ധരായ കഥാപാത്രങ്ങൾ എല്ലാം തന്നെ അരങ്ങിൽ വന്നുപോയി. ബഷീറായി ബേസിൽ സ്കറിയയും, മണ്ടൻ മുത്തപ്പയായി പ്രിൻസ് ജോസഫും, കേശവൻ നായരായി ഡാനിയേലും, പോക്കറായി സജിയും മികച്ച അഭിനയമാണ് കാഴ്ചവച്ചത്., മറ്റു വേഷങ്ങൾ ചെയ്ത പോൾ, ജിഷ, സ്മിത, വിനോദ്, അനീഷ്, ജിബി, ജോണി, തോമസ്, സുനിൽ, വിഷ്ണു, അനിൽ, രശ്മി, സിജി എന്നിവരും അഭിനയത്തിൽ ഒന്നിനൊന്നു മികച്ചുനിന്നു.
പല രംഗങ്ങൾക്കിടയിലും ഇരുട്ടിൽ നിന്ന് ഉയർന്ന കാണികളുടെ കരഘോഷം കേൾക്കാമായിരുന്നു. അവസാനം എല്ലാ കഥാപത്രങ്ങളും സ്റ്റേജിൽ അണിനിരന്നു നാടകം പര്യവസാനിച്ചപ്പോൾ കാണികളിൽ നിന്നുയർന്ന നിലക്കാത്ത കരഘോഷം, ഈ നാടകത്തിനു വേണ്ടി കഴിഞ്ഞ രണ്ടു മാസക്കാലം അഹോരാത്രം അദ്ധ്വാനിച്ച കലാകാരന്മാർക്കും സംഘാടകർക്കുമുള്ള അംഗീകാരമായിരുന്നു.
“മലയാളം” സംഘടനയുടെ കിരീടത്തിലേക്കു മറ്റൊരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ട രാത്രി… .ഈ മണ്ണിൽ കലയുടെ അസാധ്യമായ സാദ്ധ്യതകൾ ഒളിഞ്ഞു കിടപ്പുണ്ടെന്നു ഒരിക്കൽ കൂടി വെളിപ്പെട്ട രാത്രി. മലയാളത്തിന്റെ മണിമുറ്റത്തു പൂത്തുലഞ്ഞ ഈ കണിക്കൊന്നയുടെ കാഴ്ചകൾ ഈ വർഷാന്ത്യം വരെ മാത്രമല്ല, വരും നാളുകളിലും മലയാളി മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുകതന്നെ ചെയ്യും..!!
അയർലണ്ടിലെ ഇന്ത്യൻ അബാസിഡർ ശ്രീ സന്ദീപ് കുമാർ നാടകത്തിനു മുൻപായി ഹൃസ്വമായ സന്ദേശം നൽകി. ഈ നാടകത്തിന്റെ എല്ലാമെല്ലാമായിരുന്ന ഡോക്റ്റർ സാംകുട്ടി പട്ടംകരിയെ മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ എൽദോ ജോൺ പൊന്നാടയണിയിച്ചു ആദരിച്ചു. എല്ലാ അഭിനേതാക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ച കലാകാരന്മാർക്കും പ്രത്യേകം രൂപകല്പനചെയ്ത ഫലകങ്ങൾ നൽകി. സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ് നന്ദി പ്രകാശിപ്പിച്ചു.
ഈ നാടകത്തിന്റെ മുഖ്യ സ്പോൻസർമാർ Windsor Belgard Nissan, Daily Delight, Confident Travels എന്നിവരായിരുന്നു.