വിജയദശമി ദിനമായ 19- ആം തീയതി വെള്ളിയാഴ്ച കലാ- സാംസ്കാരിക സംഘടനയായ “മലയാളം” സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങിൽ ഈ വർഷത്തെ ഫൊക്കാന അവാർഡ് ജേതാവും ഐറിഷ് മലയാളിയുമായ സ്വാതി ശശിധരൻ കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകും .വൈകീട്ട് 4 .30 മുതൽ താലയിലെ സൈന്റോളോജി ഓഡിറ്റോറിയത്തിലാണ് വിദ്യാരംഭ ചടങ്ങും തുടർന്ന് മെറിറ്റ് ഈവനിംഗും സംഘടിപ്പിച്ചിരിക്കുന്നത് .
പ്രശസ്ത എഴുത്തുകാരൻ ശ്രീ .സുഭാഷ് ചന്ദ്രൻ വരാമെന്നു ഏറ്റിരുന്നെങ്കിലും വിസ ലഭിക്കാനുള്ള അമിതമായ കാലതാമസം മൂലം അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിയാതെ വരികയായിരുന്നു .അത്ലോണിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുന്ന സ്വാതി ശശിധരൻ എഴുതിയ RAINDROPS ON MY MEMORY YACHTഎന്ന കൃതിക്കാണ് അമേരിക്ക ആസ്ഥാനമായുള്ള ഫൊക്കാനയുടെ ഈ വർഷത്തെ സാഹിത്യ അവാർഡ് ലഭിച്ചത് .ഇംഗ്ലീഷിലും മലയാളത്തിലും ബ്ലോഗ്ഗുകളിൽ എഴുതുന്ന സ്വാതിയുടെ പല കൃതികളും ഇതിനകം തന്നെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് . ഒരു ശരാശരി മലയാളിയുടെ പച്ചയായ മനോഗതികളും ,ജീവിതസാഹചര്യങ്ങളും തന്മയത്ത്വത്തോടെ തന്നെ വരച്ചുകാട്ടുന്നതാണ് അവരുടെ കൃതികൾ .
സ്വാതിയെക്കുറിച്ചുള്ള ഒരു ലേഖനം കഴിഞ്ഞ ദിവസം ഐറിഷ് ടൈയിംസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മലയാളം ചെറു കഥകളായ “കരയാൻ കഴിയാത്ത പെൺകുട്ടി” ,”ജീവിതത്തിന്റെ തുലാസ്” എന്നിവ പ്രസീദ്ധീകരിച്ച ചെറുകഥകളിൽ ചിലതാണ് .അനവധി ഓൺലൈൻ പോർട്ടലുകളിൽ സ്വാതിയുടെ രചനകൾ ലഭ്യമാണ്.
വിദ്യാരംഭത്തിനു ശേഷം സാംസ്കാരിക സന്ധ്യയും , കുട്ടികളുടെ ഷോർട് ഫിലിം പ്രദർശനവും , ഈ വർഷം ജൂനിയർ സെർട്ടിനും ലീവിങ് സെർട്ടിനും ഉന്നത വിജയം കരസ്ഥ മാക്കിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും ഉണ്ടായിരിക്കുന്നതാണ് .