ഡബ്ലിന്‍: ഇന്ത്യയിലെ പ്രശസ്തരായ നാടക കലാ പ്രതിഭകളില്‍ ഒരാളായ ഡോ .സാംകുട്ടി പട്ടംകരി തന്റെ പ്രതിഭയും വൈഭവവും മലയാളികള്‍ക്ക് മുന്പില് രംഗാവിഷ്കരിക്കാന് അയര്‍ലണ്ടിന്റെ മണ്ണിലേക്ക് എത്തുന്നു. കലകളെയും കലാകാരന്മാരെയും എന്നും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഐറിഷ് മലയാളി സമൂഹത്തിലേക്ക്…….
രണ്ടു മാസത്തോളം ഡബ്ലിനില്‍ താമസിച്ചു അഭിനേതാക്കളെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു തന്റെ നാടകം അരങ്ങിലേക്കെത്തിക്കുന്ന വലിയ ഒരു ഉദ്യമം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം വരുന്നത്. കലാ – സാംസ്കാരിക സംഘടനയായ ‘മലയാളം’ ത്തിന്റെ മലയാളികള്‍ക്കായുള്ള മറ്റൊരു സ്നേഹോപഹാരമാണ് ഈ സംരംഭം.
ഏപ്രില്‍ 13 ന് താലയിലെ സൈന്റോളോജി ഓഡിറ്റോറിയത്തിലാണ് ഏവരും കാത്തിരിക്കുന്ന ഈ നാടകം അരങ്ങേറുന്നത്. ഈ നാടകത്തിലേക്കുള്ള അഭിനേതാക്കളെ കണ്ടെത്തുന്നതിനായി ഈ മാസം 24 ഞായറാഴ്ച താലയിലുള്ള സ്പൈസ് ബസാര്‍ ഹാളില്‍ വച്ച് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ നാടകക്യാമ്പ് നടത്തപെടുന്നതായിരിക്കും.
തീയേറ്റര്‍ ഡ്രാമയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. സാംകുട്ടി പട്ടംകരി നാടക രചയിതാവ് ,നാടക സംവിധായകന് ,ചിത്രകാരന് ,ടെക്നിക്കല്‍ ട്രെയിനര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. കേരള സംഗീത നാടക അക്കാദമിയുടെ എക്സിക്യൂട്ടീവ് മെമ്പര്‍ ആയി സേവനം ചെയ്തിട്ടുള്ള അദ്ദേഹം, നാടക രചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പ്രശസ്തരോടൊപ്പം 350 ഇത് പരം അമച്വര്‍ പ്രൊഫെഷണല്‍ നാടകങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. ഭീമപര്‍വം ,ദീപതമസ്സ്, കാലം സാക്ഷി, യശോദര എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകങ്ങളില്‍ ചിലതാണ്. പല മലയാള സിനിമകളുടെയും ഡോക്യൂമെന്ററികളുടെയും ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജി ശങ്കരപ്പിള്ള അവാര്‍ഡ്,ഓ. മാധവന് അവാര്‍ഡ്, ബാങ്ക് മെന്‍സ് ആര്‍ട്ട് ഡയറക്ടര്‍ അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ച നിരവധിയായ പുരസ്കാരങ്ങളില് ചിലതാണ്. ഇംഗ്ളീഷ് ,ഹിന്ദി ,കന്നട എന്നി ഭാഷകളിലെ നാടകങ്ങളിലും അദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. നാടക രചന, സംവിധാനം , നിര്‍മാണം തുടങ്ങി വിവിധ ഇനങ്ങളില്‍ 2014 മുതല്‍ 2017 വരെ തുടര്‍ച്ചയായി പ്രവാസി കേരള സംഗീത നാടക അക്കാദ മി അവാര്‍ഡ് ഡോ. സാംകുട്ടിക്കായിരുന്നു. ഇന്ത്യയിലെതന്നെ പ്രഗത്ഭരായ തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അദ്ദേഹം .
അയര്‍ലണ്ടിലേക്ക് കുടിയേറിയ ഏതൊരു മലയാളിയും മനസ്സിന്റെ ഒരു കോണില്‍ കൊണ്ട് നടക്കുന്ന ഗൃഹാതുരത്വത്തിന്റെ ഓര്‍മകളില്‍ കണ്ടു മറന്ന നാടകം എന്നുമുണ്ട്. ഉത്സവ പറമ്പുകളിലും തീയറ്റേറുകളിലും വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ടാസ്വദിച്ചിരുന്ന, കണ്മുന്പില് മാറിമാറി വരുന്ന രംഗപടങ്ങള്‍ക്കു മുന്പില് കഥാപാത്രങ്ങളായി ജീവിച്ച് ആടിത്തിമര്‍ത്ത കലാകാരന്മാര് ….ആ അനുഭവം ഒരിക്കല്‍ കൂടിഅനുഭവേദ്യമാക്കുകയാണ് ‘മലയാളം’ സംഘടന.
അയര്‍ലണ്ടില്‍ പ്രതിഭാശാലിയായ ഒരു നാടക ആര്‍ട്ടിസ്റ്റിന്റെ ശിക്ഷണത്തിലും മേല്‍നോട്ടത്തിലും ഒരു അമേച്ച്വര്‍ നാടകം അവതരിപ്പിക്കപെടുകയാണ്. ഈ അസുലഭ അവസരത്തിന്റെ ഭാഗമാകുവാന്‍ അഭിനയമോഹവും കാലാഭിരുചിയുമുള്ള എല്ലാവരെയും 24 ന് താല സ്പൈസ് ബസാര്‍ ഹാളില്‍ നടക്കുന്ന നാടകശില്പശാലയിലേക്കു സ്വാഗതം ചെയ്യുന്നതായി ‘മലയാളം’ സംഘടന അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറുകളില്‍ ബന്ധപെടുക
ബേസില്‍ സ്കറിയ : 087 7436038
രാജന് ദേവസ്യ : 087 0573885
രാജേഷ് ഉണ്ണിത്താന് : 086 0866988
വിനോദ് കോശി : 087 9519524