ഡബ്ലിന്‍: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് മലയാളം സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ വിജയദശമിനാളായ ഒക്ടോബര്‍ പതിനൊന്ന് ചൊവ്വാഴ്ച വിദ്യാരംഭം സംഘടിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാമതു തവണ പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന വിദ്യാരംഭ ചടങ്ങിനു ഇത്തവണ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് പുതുതലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനാണ്.
മനുഷ്യജീവിതത്തെ കുറിച്ചുള്ള മഹത്തായ ആഖ്യാനങ്ങള്‍ ഉണ്ടാകുന്നത് അവ ജീവിതത്തെ ആഴത്തിലും പരപ്പിലും തൊടുമ്പോഴാണ്. അത്തരത്തില്‍ പ്രവാസ ജീവിതത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും രൂപംകൊണ്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനു 2009 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ബെന്യാമിന് എന്ന പേര് മലയാളിയുടെ വായനാ ജീവിതത്തിന്റെ ഭാഗമായിട്ട് ഏറെ നാളായി. പെണ്മാറാട്ടം എന്ന കഥാസമാഹാരവും അബീശഗിന്, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, മഞ്ഞവെയില്‍ മരണങ്ങള് തുടങ്ങിയ ഏഴ് നോവലുകളും വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളാണ് മലയാളികള്‍ക്ക് പകര്‍ന്നത്.
പുറം മോടികളില്ലാതെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തൂലികയിലൂടെ സംവേദിക്കുന്ന ബെന്യാമിന് നയിക്കുന്ന വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വര്‍ഗീസ് ജോയ് 089 466 2664
മിട്ടു ഷിബു 087 329 8542
സെബി സെബാസ്റ്റ്യന്‍ 087 226 3917
സുജ ഷജിത്ത് 087 667 8756
വി. ഡി രാജന് 087 057 3885