അയർലണ്ടിലെ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ താലാ സയന്റോളജി ഓഡിറ്റോറിയത്തിൽ വിജയദശമി ദിവസം നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ വെച്ച് മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എഴുമറ്റൂർ രാജരാജ വർമ്മ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. മംഗളാ രാജേഷ് ദേവീസ്തുതി ആലപിച്ചു.
തദവസരത്തിൽ വെച്ച് ജൂനിയർ സെർട് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ അമ്മാനുവേൽ ഏലിയാസ്, തീർത്ഥ രാജേഷ്, തേജാ റോസ് ടിജോ എന്നീ കുട്ടികളെയും, ലീവിങ് സെർട് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കാർത്തിക് ഉണ്ണികൃഷ്ണൻ, ഹണി ജോസ്, ജോസഫ് സിബി, ഓസ്റ്റിൻ ഷാജി, അന്നാ ജോസഫ് എന്നീ കുട്ടികളെയും മലയാളം പ്രത്യേകം രൂപകൽപന ചെയ്ത മെമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് മനോജ് മെഴുവേലിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. എഴുമറ്റൂർ രാജരാജ വർമ്മ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. റോജി എം ജോൺ എം എൽ എ ആശംസകൾ നേർന്നു സംസാരിച്ചു. സപ്‌താ രാമൻ നമ്പൂതിരിയുടെ ഭരതനാട്യവും, രാജ്‌നന്ദിനി, സ്വരാ രാമൻ നമ്പൂതിരി, ഗ്രേസ് ബെന്നി എന്നിവരുടെ കവിതകളും ചടങ്ങിനു മാറ്റു കൂട്ടി.
ചടങ്ങിൽ വെച്ച് അനു റേച്ചൽ മാത്യു രചിച്ച ‘സ്വപ്നം’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനകർമം ഡോ. എഴുമറ്റൂർ രാജരാജ വർമ്മ നിർവഹിച്ചു.
കമ്മിറ്റി മെമ്പറും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലറുമായ ബേബി പെരേപ്പാടൻ ഡോ. എഴുമറ്റൂർ രാജരാജ വർമ്മക്കു മലയാളത്തിന്റെ വക പ്രത്യേക ഉപഹാരം നൽകി.
സെക്രട്ടറി അനീഷ് കെ ജോയി സ്വാഗതവും, ട്രെഷറർ ജോജി എബ്രഹാം നന്ദിയും പറഞ്ഞു.